കണ്ണൂർ: വിവാഹ ബ്യൂറോയിൽ നിന്നാണെന്ന വ്യാജേന ഓട്ടോ തൊഴിലാളിയിൽ നിന്നും പണം തട്ടിയതായി പരാതി. ശ്രീകണ്ഠപുരം, ചെങ്ങളായി സ്വദേശി ജിജുവാണ് തട്ടിപ്പിനിരയായത്. ജിജുവിന്റെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസ് എടുത്തു.
തട്ടിപ്പിങ്ങനെ:
നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചന മാട്രിമോണിയൽ എന്ന സ്ഥാപനത്തിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മിസ് കോൾ കണ്ട് ജിജു തിരിച്ചുവിളിക്കുകയായിരുന്നു. തിരിച്ചുവിളിച്ചപ്പോൾ സബിത എന്ന പേരിലുളള ഒരു സ്ത്രീയാണ് ഫോൺ എടുത്തത്. വിവാഹലോചനയിൽ താൽപര്യമുണ്ടോയെന്ന് അവർ അന്വേഷിച്ചു. താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഫീസായി 2800 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴി പണം അയച്ചുകൊടുത്തെന്നും ജിജു പറഞ്ഞു.
പണം വാങ്ങിയ ശേഷം അവർ രണ്ട് സത്രീകളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ ഫോൺ നമ്പറും നൽകി. എന്നാൽ ഈ നമ്പറുകളിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ജിജുവിന് മനസിലായത്. ആദ്യ നമ്പറിൽ വിളിച്ചപ്പോൾ തൃശൂരിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് ലഭിച്ചത്. ഇവർ ക്ഷുഭിതയായി സംസാരിച്ചപ്പോൾ മാട്രിമോണിയൽ സ്ഥാപനത്തിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ അടുത്ത നമ്പറിലേക്ക് വിളിക്കാനാണ് സ്ഥാപനം ആവശ്യപ്പെട്ടതെന്ന് ജിജു പറഞ്ഞു.
തുടർന്ന് രണ്ടാം നമ്പറിലേക്ക് വിളിച്ചപ്പോൾ കോഴിക്കോട് ജോലി ചെയ്യുന്ന ഒരു സ്ത്രീയെയാണ് ലഭിച്ചത്. അവരും രോഷകുലയായി സംസാരിച്ചു. ഇക്കാര്യവും മാട്രിമോണിയൽ സ്ഥാപനത്തെ അറിയിച്ചപ്പോൾ അവർ അപഹസിച്ച് സംസാരിച്ചുവെന്നും ഓട്ടോ തൊഴിലാളി പറഞ്ഞു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാട്രിമോണിയൽ സ്ഥാപനത്തിൽ നിന്ന് ജിജുവിന് അയച്ചുകൊടുത്ത സ്ത്രീകളുടെ ഫോട്ടോ ഒറിജിനലാണോ എന്ന് പൊലീസ് പരിശോധിക്കും. സംഭവത്തിന് പിന്നിൽ അവിവാഹിതരെ വിളിച്ച് പണം തട്ടുന്ന സംഘമാണോയെന്ന സംശയമുയർന്നിട്ടുണ്ട്.


