ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിഗ്നലുകൾ നഷ്ടമായെന്നും കെ ശിവൻ വ്യക്തമാക്കി.

സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവറും പ്രവർത്തനരഹിതമാകും.
ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ് ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.

തുടർന്നു 1.52നു ഫൈൻ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകൾ ലഭിച്ചു. ശേഷം ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിൽ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഫ്റ്റ് ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ ഇവിടെയെത്തിയിരുന്നു.


