ഇടുക്കി; മിഷന് അരിക്കൊമ്പന് വിജയിച്ചു. മയക്കുവെടി വെച്ച അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയില്‍ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയില്‍ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു അരിക്കൊമ്പന്. മൂന്നു തവണയാണ് അരിക്കൊമ്പന് കുതറി മാറിയത്. എന്നാല്‍ കടുത്ത രീതിയില്‍ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റുകയായിരുന്നു.
11.55 ഓടെയാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ ആനയെ വനംവകുപ്പ് സംഘം നിരീക്ഷിച്ചശേഷം മയങ്ങുന്നതായി കാണാത്തതു കൊണ്ട് ബുസ്റ്റര്‍ ഡോസ് കൂടി നല്‍കുകയായിരുന്നു. ഫൊറന്‍സിക് സര്ജന് അരുണ്‍ സഖറിയ വെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. ഇന്നലെ നടന്ന ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെയായിരുന്നു ദൗത്യം പുനരാരംഭിച്ചത്.
മന്ത്രി എ.കെ. ശശീന്ദ്രന് അഭിനന്ദിച്ചു.
കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.


