അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.
110 ഏക്കറില്‍ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.
പുകയണയ്ക്കാന്‍ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളില്‍ കടമ്പ്രയാറില്‍ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് നാല് അടി താഴ്ച്ചയില്‍ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂര്‍ണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയര്‍ ടെന്‍ഡറുകളും ഉണ്ട്. ഒരു ഫയര്‍ ടെന്‍ഡറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ട്. ഫയര്‍ ടെന്‍ഡറുകള്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളില്‍ വെള്ളം അടിക്കുന്നത്. ചെയിന്‍ഡ് എസ്കവേറ്ററാണ് ചവര്‍ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.
ചില സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയില്‍ ഏറെ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയണല്‍ ഫയര്‍ ഓഫിസര്‍ സുജിത് കുമാര്‍ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.


