ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ഉജ്ജ്വല ജയം. 70 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗര്‍വാളിന്റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍ (35), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സില്‍ കിടിലന്‍ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം.
അഗര്‍വാളിനെ (5) മിച്ചല്‍ സ്റ്റാര്‍ക്കും പൂജാരയെ (3) പാറ്റ് കമ്മിന്‍സും വേഗം മടക്കിയെങ്കിലും ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട രഹാനെ-ഗില്‍ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 51 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഗില്‍ ആണ് മികച്ചുനിന്നത്. വെറും 36 പന്തുകളില്‍ നിന്നാണ് ഗില്‍ 35 റണ്‍സ് എടുത്തത്.
രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സിനാണ് ഓസ്ട്രേലിയ പുറത്തായത്. ഓസ്ട്രേലിയക്കായി കാമറൂണ്‍ ഗ്രീന്‍ (45), മാത്യു വെയ്ഡ് (40) എന്നിവര്‍ തിളങ്ങി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 4 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്നിയിലാണ് അടുത്ത മത്സരം.


