വിശ്വ കിരീടം നേടിയ മെസ്സിയും സംഘവും അര്‍ജന്റീനയിലെത്തി. ബ്യൂണസ് അയേഴ്സിലെ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് സംഘത്തിന് ലഭിച്ചത്. തുറന്ന വാഹനത്തില്‍ നഗരത്തില്‍ ചുറ്റുന്ന മെസ്സിയേയും സംഘത്തേയും കാണാന്‍ ജനലക്ഷങ്ങളാണ് ബ്യൂണസ് അയേഴ്സിലെ തെരുവുകളില്‍ തടിച്ചു കൂടിയിരിക്കുന്നത്.
ബ്യുണസ് അയേഴ്സില്‍ ആഹ്ളാദ പ്രകടനം തുടരുകയാണ്. അര്‍ജന്റീനയില്‍ ഇന്ന് പൊതുഅവധിയാണ്. ആരാധകര്‍ വലിയ രീതിയിലുള്ള വരവേല്‍പ്പാണ് മെസിക്കും സംഘത്തിനും നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിന്റെ ഫുട്ബോള്‍ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.
മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണല്‍ മെസിയുടെ അര്‍ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അര്‍ജന്റീനിയന്‍ ടീമിലെ എല്ലാ അംഗങ്ങളും ആരാധകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ടീം ഇന്ന് രാത്രി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടില്‍ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജന്‍സി ടെലം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകര്‍ ക്യാമ്പ് ചെയ്തിരുന്നു.
അവസാന മിനിറ്റുകള്‍ വരെ ഉദ്വേഗം നിറഞ്ഞ പോരിനൊടുവിലാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീന കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ തകര്‍ത്ത് മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ അര്‍ജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ലീഡെടുത്ത ശേഷമായിരുന്നു രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ തിരിച്ചുവരവ്. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് മത്സരത്തിന്റെ ചൂടുപിടിപ്പിച്ചത്.
ആദ്യ പകുതി മുതല്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാല്‍ 108ാം മിനുട്ടില്‍ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാര്‍ട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോള്‍വര കടന്നിരുന്നു. പക്ഷേ അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ എംബാപ്പെ അവസവരം നല്‍കിയില്ല. 118ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ കിടിലന്‍ താരം വീണ്ടും എതിര്‍വല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയില്‍ നിര്‍ത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.
23ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ഉസ്മാന് ഡെംബലെ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് മെസി ഗോളാക്കിയത്. തുടര്‍ന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 45ാം മിനുട്ടില്‍ ഫ്രഞ്ച് പോസ്റ്റില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടില്‍ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാന്‍സിന്റെ മുന്നേറ്റം അര്‍ജന്റീനന്‍ പ്രതിരോധം തടഞ്ഞപ്പോള്‍ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.
ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തു വന്നിരുന്നു. എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനന്‍ നിരയില്‍ തിരിച്ചെത്തി. അഡ്രിയാന്‍ റോബിയോയും ഉപമെകാനോയും ഫ്രാന്‍സ് ടീമിലും കളിച്ചിരുന്നു. 16ാം മിനുട്ടില്‍ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിര്‍പോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാന്‍സിനെതിരെ ഫൈനലില്‍ അര്ജന്റീനയിറങ്ങിയതോടെ സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായി.