ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയതും റെക്കോര്‍ഡിട്ട് യങ് പേസര്‍ അര്ജുന് ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടമാണ് സച്ചിന് ടെന്‍ഡുല്‍ക്കറും അര്ജുന് ടെന്‍ഡുല്‍ക്കറും പേരിലാക്കിയത്.
ഐപിഎല്ലില്‍ സച്ചിന് അണിഞ്ഞ ഏക കുപ്പായം മുംബൈ ഇന്ത്യന്‍സിന്റെ ആയിരുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്ജുന് മുംബൈയുടെ ആ നീല ജേഴ്സിയില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ അരങ്ങേറ്റം നടത്തിയത്.
സച്ചിന് ഐപിഎല്‍ തുടക്കം മുതല്‍ 2013ല്‍ വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. ഇന്നിങ്സിലെ ആദ്യ ഓവര്‍ എറിയാന്‍ ഇന്നലെ ക്യാപ്റ്റന്‍ ആയിരുന്ന സൂര്യകുമാര്‍ യാദവ് അര്‍ജുനിനെ ക്ഷണിച്ചിരുന്നു. രണ്ട് ഓവറുകള്‍ മാത്രമെറിഞ്ഞ അര്ജുന് വിക്കറ്റുകള്‍ എടുക്കാതെ വിട്ടുകൊടുത്തത് 17 റണ്ണുകള്‍ മാത്രമാണ്.
മത്സരശേഷം മകന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിന്. സച്ചിന് തന്റെ ട്വീറ്റിലാണ് ആശംസ അറിയിച്ചത്. അര്ജുന്, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു നീ. ക്രിക്കറ്റിനോട് ഇഷ്ടമുള്ള, നിന്നെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയില്‍ ഈ മത്സരത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്കിയാല് അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് എനിക്കറിയാം. വളരെയധികം കഠിനാധ്വാനം ചെയ്താണ് നീ ഇവിടെയെത്തിയത്. അത് ഇനിയു തുടരുമെന്നും ഉറപ്പാണ്. ഇതൊരു മനോഹരമായ യാത്രയുടെ തുടക്കമാണ്. എല്ലാ ആശംസകളും,” സച്ചിന് തന്റെ ട്വീറ്റില്‍ കുറിച്ചു.