നെടുമ്പാശേരി: ദുബായ് ഐസ് സ്കേറ്റിംഗ് അസോസിയേഷന് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഐസ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ മലയാളി യുവാവ് സ്വര്‍ണത്തില്‍ മുത്തമിട്ടു. അപകടസാധ്യതയേറിയ മത്സരത്തില്‍ മലയാളി താരം ചാമ്പ്യനായിട്ടും അര്‍ഹിക്കുന്ന പരിഗണന ആരും നല്കുന്നില്ലെന്നെന്നാണ് ആക്ഷേപം.
ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച കുന്നുകര പഞ്ചായത്ത് സൗത്ത് അടുവാശേരിയില്‍ തമാസിക്കുന്ന മേക്കാട് വീട്ടില്‍ വൈഷ്ണവ് ആര്. നായരാണ് മലയാളികളുടെ അഭിമാനമായത്. നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ ഫ്ളൈറ്റ് സൂപ്പര്‍വൈസര്‍ പറവൂര്‍ തോന്നിയകാവ് സ്വദേശി രമേഷ് കുമാര്‍ – സത്യ ദമ്പതികളുടെ മകനാണ് 19കാരനായ വൈഷ്ണവ്. തുടര്‍ച്ചയായി ആറ് വര്‍ഷം ദേശീയ ചാമ്പ്യന്‍പട്ടം നേടിയ വൈഷ്ണവ് ആദ്യമായിട്ടാണ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ചാമ്പ്യനാകുന്നത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഇടപ്പിള്ളി ലുലുമാള്‍ സന്ദശിക്കാനെത്തിയ വൈഷ്ണവ് കൗതുകത്തിന് ഇവിടത്തെ ഐസ് സ്കേറ്റിംഗില്‍ കയറിയത് വഴിത്തിരിവാകുമെന്ന് ആരും കരുതിയില്ല. ഇവിടെ സഹായിയായി നിന്ന അനീഷാണ് വൈഷ്ണവിന്റെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനത്തിന് ആദ്യം ഉപദേശിച്ചത്. ഡല്‍ഹിയിലെ പരിശീലന കേന്ദ്രത്തിന്റെ വിലാസവും നല്കി. അപകടകരമായ ഇനമാണെന്ന് അറിയാമെങ്കിലും മകന്റെ താത്പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി 10 ദിവസത്തെ പരിശീലനം നേടി. ഡല്‍ഹിയില്‍ നടന്ന ആദ്യമത്സരത്തില്‍ പിന്തള്ളപ്പെട്ടുവെങ്കിലും പിന്നീട് പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്തെത്തി. തായ്ലെന്റില്‍ നടന്ന ഒരു മത്സരലും പങ്കെടുത്തു.
ദുബായിയില്‍ നടന്ന മത്സരത്തില്‍ അമേരിക്ക, റഷ്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നായി ജൂനിയര്‍ വിഭാഗത്തില്‍ എട്ട് പേര് മത്സരിച്ചു. ഇന്ത്യയില്‍ നിന്നും മറ്റ് വിഭാഗങ്ങളിലും മത്സരിച്ചെങ്കിലും മെഡല്‍ നേടാനായില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഐസ് സ്കേറ്റിംഗ് പരിശീലനത്തിനായി വൈഷ്ണവിന്റെ കുടുംബം ചെലവഴിച്ചത് 10 ലക്ഷത്തോളം രൂപയാണ്. ഡല്‍ഹിയില്‍ മാത്രമാണ് പരിശീലനമുള്ളത്. ഒരു മണിക്കൂര്‍ പരിശീലനത്തിന് 800 രൂപയാണ് ഫീസ്. ജര്‍മ്മന്‍ സ്വദേശിയയാ ജോണ്‍ ആണ് മുഖ്യപരിശീലകന്‍. അവിടെയെത്തി താമസിച്ച് പരിശീലനം നേടുന്നതിന് സര്‍ക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഐസ് സ്കേറ്റിംഗ് താത്പര്യം കൂടിയതോടെ പ്ളസ് ടു പഠനം പോലും പ്രൈവറ്റായിട്ടാണ് പൂര്‍ത്തീകരിച്ചത്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിനുള്ള തയ്യാറെടുപ്പിലാണ് വൈഷ്ണവ്.