ട്വന്റി-20 മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡുമായി പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം. ക്രിസ് ഗെയിലിനെയാണ് അസം പിന്തള്ളിയത്. 187 ഇന്നിംഗ്സുകളില്‍ നിന്നായി അസം ഈ നേട്ടത്തിലെത്തിയപ്പോള്‍ ക്രിസ് ഗെയിലിന് ഇത്രയും റണ്‍സ് തികയ്ക്കാന്‍ 192 ഇന്നിംഗ്സുകള്‍ വേണ്ടി വന്നു. 212 ഇന്നിംഗ്സുകളില്‍ നിന്ന് 7000 റണ്‍സ് തികച്ച ഇന്ത്യന്‍ നായകന് വിരാട് കോലിയാണ് മൂന്നാമത്.
പാകിസ്താനിലെ നാഷണല്‍ ട്വന്റി-20 കപ്പില്‍ സെന്‍ട്രല്‍ പഞ്ചാബിന്റ നായകനായ അസം, കഴിഞ്ഞ ദിവസം സതേണ്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്. നേരത്തെ, ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി നേടിയ താരം ട്വന്റി-20 ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ചുറിയും തികച്ചു. ഇതോടെ ട്വന്റി-20 സെഞ്ചുറി എണ്ണത്തില്‍ രോഹിത് ശര്‍മ്മ, ഷെയിന്‍ വാട്സണ് എന്നിവര്‍ക്കൊപ്പമാണ് അസം.
അതേസമയം, വരുന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് മുന്‍ പാകിസ്താന്റെ മുന്‍ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വഖാര്‍ യൂനിസ് പറഞ്ഞു. കഴിവിനനുസരിച്ച് കളിച്ചാല്‍ പാകിസ്താന് ഇന്ത്യയെ കീഴടക്കാനാവും. നിര്‍ണായക മത്സരം ആയതിനാല്‍ ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദം ഉണ്ടാവുമെന്നും വഖാര്‍ യൂനിസ് വ്യക്തമാക്കി.
ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ- പാകിസ്താന് മത്സരം നടക്കും. നവംബര്‍ 8 ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14 ന് ഫൈനലും നടക്കും.


