തൊടുപുഴ: വീടും സ്ഥലവുമില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കാന്‍ സൈക്കിള്‍ കാരവനില്‍ ഇന്ത്യ ചുറ്റുകയാണ് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍. നാടുംവീടും വിട്ട്, ജോലിക്ക് അവധി നല്‍കിയുള്ള ഈ യുവാക്കളുടെ സൈക്കിള്‍ സവാരി. കടന്നുപോകുന്ന വഴികളില്‍ സുമനസ്സുകള്‍ നല്കുന്ന ഒരുരൂപ സംഭാവനയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മൂലധനം. ഒന്നരവര്‍ഷംകൊണ്ട് ഏഴുജില്ലകളില്‍ പര്യടനം നടത്തിയ ഇവര്‍ ഇതിനോടകം വീടുകള്‍ നിര്‍മിക്കാനായി സ്ഥലം വാങ്ങി.
വയനാട് അമ്പലവയല്‍ സ്വദേശി ടി.ആര്.റെനീഷ്, കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും വയനാട്ടില്‍ അധ്യാപകനുമായ കെ.ജി.നിജിന്‍, കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷാലിന്‍ ധനഞ്ജയനുമാണ് സൈക്കിള്‍ കാരവന് പര്യടനവുമായി തൊടുപുഴയിലെത്തിയത്. തങ്ങളുടെ ജീവിതത്തെ സമൂഹത്തില്‍ അടയാളപ്പെടുത്തുന്ന ഒരു മഹത്തായ കര്‍മം ചെയ്യണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു യാത്രയ്ക്ക് പിന്നിലെന്ന് യുവാക്കള്‍ പറയുന്നു. അമ്പലവയലില്‍ റെനീഷിന് ഒരു മൊബൈല്‍ ഷോപ്പുണ്ട്. ഇവിടെ റീചാര്‍ജിനായി എത്തിയിരുന്ന നിജിന്‍ പിന്നീട് റെനീഷിന്റെ സുഹൃത്തായി മാറി. റെനീഷിന്റെ മനസ്സില്‍ ഉരിത്തിരിഞ്ഞ് ‘മിഷന് വണ്‍ റുപ്പി’യെക്കുറിച്ച് പറഞ്ഞപ്പോള്‍ നിജിനും കട്ടയ്ക്ക് കൂടെനിന്നു.
ഇതോടെ മൊബൈല്‍ ഷോപ്പിന്റെ ചുമതല റെനീഷ് ഒരു ജീവനക്കാരനെ എല്‍പ്പിച്ചു. നിജിന്‍ ജോലിയില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് അവധിയെടുത്തു. അങ്ങനെ 2021 ഡിസംബര്‍ 10-ന് രണ്ട് സൈക്കിളുകളില്‍ അമ്പലവയലില്നിന്നാണ് ഇവര്‍ യാത്രതുടങ്ങിയത്. യാത്രയെക്കുറിച്ച് അറിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നിജിലിന്റെ സുഹൃത്ത് ഷാലിന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നത്.
ഇവര്‍ ആദ്യംപോയത് കാസര്കോട്ടേയ്ക്കാണ്. യാത്രയ്ക്ക് മുന്നോടിയായി ഇവര്‍ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ യാത്രയുടെ ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തു. ഇതോടെ നിരവധി സുമനസ്സുകള്‍ ഇവരുടെ ലക്ഷ്യത്തിനൊപ്പം നിന്നു. ഒരു രൂപ തേടിയിറങ്ങിയവര്‍ക്ക് ഭക്ഷണവും വിശ്രമത്തിന് സ്ഥലവും നല്കി പലരും ഇവരെ വരവേറ്റു. ഇങ്ങനെ സ്വരൂപിച്ച പണംകൊണ്ട് അമ്പലവയലില്‍ 22 സെന്റ് സ്ഥലം ഇവര്‍ വീടുകള്‍ക്കായി കുറ്റിയടിച്ചു. യാത്രയ്ക്കായി വീട്ടില്‍നിന്നിറങ്ങിയശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഇവരുടെ കുടുംബങ്ങളും യാത്രയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.
കാലാവസ്ഥയായിരുന്നു യാത്രയ്ക്കുണ്ടായിരുന്ന പ്രധാന വെല്ലുവിളി. വടകരയിലെത്തിയപ്പോള്‍ ഇവരുടെ സൈക്കിളുകള്‍ കൂട്ടിച്ചേര്‍ത്ത് കാരവന് നിര്‍മിച്ചു. ഇതോടെ വെയിലത്തും മഴയത്തും യാത്ര തുടരാനുള്ള സൗകര്യമായി. വിശ്രമിക്കാനും ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യവും സൈക്കിള്‍ കാരവനിലുണ്ട്. ഇവരുടെ യുട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. തൊടുപുഴയില്‍ ഏതാനും ദിവസങ്ങള്‍ പര്യടനം നടത്തിയശേഷം ഇവര്‍ എറണാകുളം ജില്ലയിലേക്ക് കടക്കും.
കേരളത്തിലെ പര്യടനം തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കി തമിഴ്നാട്ടിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം. ഒരുവര്‍ഷംകൊണ്ട് ഭാരതപര്യടനം പൂര്‍ത്തിയാക്കണം. അതിനോടൊപ്പം അഞ്ച് വീടുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.