പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതു വരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്നും വാട്സ്ആപ്പ് അറിയിച്ചു.
നയത്തിനെതിരെയുള്ള കോംപറ്റീഷന്‍ കമ്മിഷന്റെ അന്വേഷണത്തിനെതിരെ വാട്സ്ആപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 15നാണ് വാട്സ്ആപ്പിന്റെ സ്വകാര്യത നയം നിലവില്‍ വന്നത്. ഇത് പ്രകാരം വാട്സ്ആപ്പിന്റെ ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറാന്‍ വാട്സ്ആപ്പിന് അവകാശമുണ്ട്. ഇതിനെ അംഗീകരിക്കാത്ത ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യുമെന്നായിരുന്നു നേരത്തെ വാട്സ്ആപ്പിന്റെ നിലപാട്.
സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഇന്ത്യന്‍ ഐ.ടി നിയമത്തിന് എതിരാണ്. ഇതിനെതിരെയാണ് കോംപറ്റീഷന്‍ കമ്മിഷന് അന്വേഷണം പ്രഖ്യാപിച്ചത്.


