മൂവാറ്റുപുഴ : കോളേജ് മാനേജ്മെന്റിന്റെയും മഹല്ല് ഭാരവാഹികളുടെയും വിദ്യാര്‍ത്ഥി സംഘടന നേതാക്കളുടേയും സമയോചിത ഇടപെടലില്‍ മൂവാറ്റുപുഴ നിര്‍മ്മലയിലെ നമസ്കാര വിവാദങ്ങള്‍ക്ക് ശുഭപര്യവസാനം. കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി ഇടം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നത്.
വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനെ കണ്ട് നമസ്കാരിക്കാന്‍ മുറി ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം എഴുതി നല്കിയാല് തീരുമാനം അറിയിക്കാമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. ഇതിനിടെ ചിലര്‍ മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പാളിനെ തടഞ്ഞ് വച്ചു. സംഭവം സോഷ്യല്ഡ മീഡിയവഴി പ്രചരിച്ചതോടെ വിവാദമായി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തോടെ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോയി.
എംഎസ്എഫിന്റെ പേരില്‍ പെടുന്നനെ വ്യാജ വാട്സാപ്പ് ഗ്രൂപ്പുണ്ടായി. മുസ്ലീം വിദ്യാര്‍ഥികളെ ചേര്‍ത്ത് വിദ്വേഷ പ്രചാരണങ്ങളും തുടങ്ങി. തൊട്ടുപിന്നാലെ എംഎസ്എഫ് – യൂത്തിലീഗ് നേതൃത്വങ്ങള്‍ ഗ്രൂപ്പിനെയും പ്രതിഷേധങ്ങളേയും തള്ളികളഞ്ഞ് പരസ്യാമായി രംഗത്തെത്തി. ഇതിനിടെ എസ്എഫ്ഐക്കെതിരെയും പ്രചാരണം വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവരും സമരത്തെ പൂര്‍ണ്ണമായി തള്ളി. കോളേജില്‍ നമസ്കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എഫ്ഐ നേതൃത്വം പറഞ്ഞു.
സംഭവം ആളികത്തിക്കാന്‍ ചിലഭാഗത്തു നിന്നും ശ്രമമുണ്ടായങ്കിലും കോളേജ് മാനേജ്മെന്റിന്റെ നിലപാടുകള്‍ അതിനെയെല്ലാം തള്ളുന്നതായിരുന്നു. കുട്ടികളെ തെറ്റുകള്‍ പറഞ്ഞുമനസിലാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന്.കെ.കുര്യാക്കോസ് പറഞ്ഞു.
ഇതിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികളും രംഗത്തെത്തി. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു.
കോളേജില്‍ ഉണ്ടായത് അനിഷ്ട സംഭവങ്ങളാണ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്നും മഹല്ല് കമ്മിറ്റി ഭരവാഹികള്‍ പഞ്ഞു.