ശബരിമല: മണ്ഡലപൂജയ്ക്കു ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്നെത്തും. ഉച്ചയോടെ പമ്പ ഗണപതി കോവിലിലെത്തുന്ന തങ്ക അങ്കി ഘോഷയാത്ര, വൈകിട്ട് ദീപാരാധന സമയത്തോടെ സന്നിധാനത്തെത്തും. പിന്നീട് ആഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തും.
ഉച്ചയോടെയാണ് ഘോഷയാത്ര പമ്പയിലെത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു ശരംകുത്തിയില്‍ എത്തും. ഇവിടെനിന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കും. ചൊവ്വാഴ്ച വൈകിട്ടത്തെ ചടങ്ങുകള്‍ക്ക് ശേഷം 27ന് ഉച്ചയ്ക്കു മണ്ഡലപൂജയും നടക്കും.
ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്ന് പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയ്ക്ക് സുരക്ഷ പതിന്മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


