കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേട്ട് കോടതി രണ്ട് ദിവസത്തെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. 24ന് ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബിഷപ്പ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
ജാമ്യാപേക്ഷ തള്ളിയാലും പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ അിഭാഷകന്‍ രാമന് പിള്ള കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ബിഷപ്പുമായി തെളിവെടുക്കേണ്ടതിനാല്‍ കസ്റ്റഡി അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഗുരുതരമായ കുറ്റകൃത്യം ആയതിനാല്‍ തന്നെ ബിഷപ്പിന് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിക്കുമെന്ന കാര്യം ഉറപ്പായിരുന്നു.അതേസമയം, കോടതിയില്‍ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. തന്റെ രക്തവും ഉമിനീരും പൊലീസ് ബലം പ്രയോഗിച്ച് ശേഖരിച്ചെന്നാണ് ബിഷപ്പ് ആരോപിച്ചത്.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരുന്ന ബിഷപ്പിനെ ഇന്ന് രാവിലെ 9.30 ഓടെ കനത്ത സുരക്ഷയിലാണ് പൊലീസ് ക്ളബ്ബില്‍ എത്തിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെയാണ് രാവിലെ എട്ടരയോടെ ഡിസ്ചാര്‍ജ് ചെയ്തത്. ഇ.സി.ജിയില്‍ ചെറിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി 10.45ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കനത്ത സുരക്ഷയില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ തിരക്കേറിയ റോഡ് ഒഴിവാക്കിയായിരുന്നു പൊലീസിന്റെ യാത്ര. പൊലീസ് വാഹനങ്ങള്‍ അകമ്പടി പോകുകയും ചെയ്തു.
ഒന്നരയോടെ ബിഷപ്പിനേയും കൊണ്ട് പൊലീസ് കോടതിയിലെത്തി. ബിഷപ്പിനെ കൊണ്ടുവരുന്നതറിഞ്ഞ് ആള്ക്കാര് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നു. ബിഷപ്പിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ജനം കൂക്കിവിളിച്ചു. തല താഴ്ത്തി ബിഷപ്പ് കോടതിക്കുള്ളിലേക്ക് കയറിപ്പോയി. തുടര്‍ന്ന് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്കി. പിന്നാലെ മജിസ്ട്രേട്ട് ബിഷപ്പിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ബിഷപ്പ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം ബിഷപ്പിന്റെ അഭിഭാഷകന് അഡ്വ.രാമന് പിള്ളയും ഉന്നയിച്ചു. ബിഷപ്പിനെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. പിന്നാലെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 2.30ന് ആദ്യത്തേതായി ബിഷപ്പിന്റെ കേസ് പരിഗണിച്ച കോടതി ഫ്രാങ്കോയെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിടുകയായിരുന്നു.