തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധമുണ്ടന്ന ആരോപണം വീണ്ടുമുന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.. ഒരു കുറ്റവും ചെയ്യാതെയാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനായി സ്പീക്കറും സര്‍ക്കാരും കൂടി ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും സതീശന് ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത എംഎല്‍എമാരെ ജനങ്ങള്‍ മാലയിട്ട് സ്വീകരിക്കുമെന്നും സസ്പെന്‍ഡ് ചെയ്ത് ശബരിമലയില്‍ നടന്ന കവര്ച്ചയ്ക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സതീശന് പറഞ്ഞു.
വി.ഡി. സതീശന്റെ വാക്കുകള്‍
ഏത് കോടീശ്വരന്റെ കയ്യിലേക്കാണ് അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കൊടുത്തതെന്നാണ് കടകംപള്ളിയോട് ചോദിച്ചത്. അങ്ങനെ ചോദിച്ചതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ദ്വാരപാലക ശില്പം വിറ്റിരിക്കുകയാണെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. എല്ലാം വശങ്ങളും പരിശോധിച്ചതിനുശേഷമുള്ള ഹൈക്കോടതിയുടെ നിഗമനമാണ് വിഗ്രഹം വലിയൊരു തുകയ്ക്ക് വിറ്റെന്നാണ്. വിഗ്രഹം വാങ്ങിയ സമ്പന്നനെയും പറ്റിച്ചിട്ടുണ്ട്, കാരണം കട്ടമുതലാണെന്ന് അയാളോട് പറഞ്ഞിട്ടില്ല. രണ്ടാമത്തെ കാര്യം ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞത് ഞങ്ങളൊന്നും കുഴപ്പമുണ്ടാക്കിയിട്ടില്ല, കുഴപ്പം മുഴുവനും 2019 ലാണ് നടന്നതെന്നാണ്. 2019 ല്‍ കുഴപ്പമുണ്ടായെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിയ്ക്ക് അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വമുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ല എന്നൊന്നും കടകംപള്ളി സുരേന്ദ്രന് പറയില്ല. ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധം അന്നുമുണ്ട് ഇപ്പോഴുമുണ്ട്.
ഇന്ന് നിയമസഭയില്‍ ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ഒരു കുറ്റവും ചെയ്യാതെയാണ് അവരെ സസ്പെന്‍ഡ് ചെയ്തത്. സിപിഎമ്മുകാര്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതുപോലെ ഞങ്ങളൊരു കാര്യവും ചെയ്തിട്ടില്ല. ഞങ്ങള്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ല, സ്പീക്കറുടെ ഡയസിലേക്ക് കയറിയിട്ടില്ല. അംഗങ്ങളേക്കാള്‍ കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഏര്‍പ്പെടുത്തി. രണ്ട് എംഎല്എമാര്ക്കാണ്പ രിക്കേറ്റത്. അവരുടെ ഇടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയാണുണ്ടായത്. ഞങ്ങളവിടെ ഒരക്രമവും നടത്തിയിട്ടില്ല. ഒരു തരത്തിലുള്ള അക്രമവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഇത് സ്പീക്കറും സര്‍ക്കാരും കൂടി ചേര്‍ന്നുള്ള ഗൂഢാലോചനയാണ്. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രി റിയാസുമാണ് ഞങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് സ്പീക്കറാണ് അത്തരത്തില്‍ പെരുമാറിയത്. പഴയ ഡിവൈഎഫ്ഐ നേതാവാണെന്നുള്ള ഓര്‍മയിലാണ് സ്പീക്കര്‍ പറഞ്ഞത് ബാനര്‍ പിടിച്ചെടുത്ത് വലിച്ചുകീറാന്‍. മന്ത്രി രാജേഷും മന്ത്രി രാജീവും തമ്മില്‍ മത്സരമാണ് ആരാണ് ഏറ്റവും കൂടുതല്‍ അബദ്ധം പറയുന്നതെന്ന്. ഗുണ്ടാവിളയാട്ടമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സിദ്ധിഖിനേയും എ.പി. അനില്‍കുമാറിനെയും ഞാന്‍ പറഞ്ഞയച്ചുവെന്ന് ഇന്നലെ പറഞ്ഞു. ഇതുപോലുള്ള നട്ടാല്‍ കുരുക്കാത്ത നുണകളാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ കയറാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അയ്യപ്പസ്വാമിയുടെ മുതല്‍ കവര്ന്നെടുത്തവര്ക്കെതിരായി ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ അംഗീകാരമായി ജനങ്ങള്‍ കരുതും. ഈ മൂന്ന് എംഎല്‍എമാരെ ജനങ്ങള്‍ മാലയിട്ട് സ്വീകരിക്കും. ഞങ്ങളിത് അംഗീകാരമായാണ് കരുതുന്നത്. സസ്പെന്ഷന് നടത്തിയൊന്നും പേടിപ്പിക്കാമെന്നൊന്നും കരുതണ്ട. ഇത് കവര്‍ച്ചയാണ് നടന്നിരിക്കുന്നത്. ആ കവര്‍ച്ചയ്ക്കെതിരായ ഞങ്ങളുടെ ശബ്ദത്തെയാണ് ഇല്ലാതാക്കാന്‍ നോക്കുന്നത്.