കൊച്ചി: കാക്കനാട്ടെ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം. ഒരു വിഭാഗം വിശ്വാസികൾ പള്ളി വികാരിയുടെ മുറിയിൽ കയറിയിരുന്നു. സ്ഥലത്ത് ഇൻഫോപാർക് പോലീസ് എത്തി പ്രതിഷേധക്കാരുമായും വൈദികനുമായും ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. സിനഡ് കുർബാന അർപ്പിക്കാൻ വൈദികൻ നേരത്തെ പൊലീസ് സംരക്ഷണം ആവശ്യപെട്ടിരുന്നു.
അതിനിടെ, സിറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണായക സിനഡിന് ഇന്ന് തുടക്കം. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ആറു ദിവസമായാണ് സമ്മേളനം. രഹസ്യബാലറ്റിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നയാള്‍ സഭാധ്യക്ഷനാകും. എറണാകുളം– അങ്കമാലി അതിരൂപതാ പ്രതിസന്ധിയും, ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുമെല്ലാം പരിഹാരമില്ലാതെ വളര്‍ന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ഡിസംബര്‍ ഏഴിന് സ്ഥാനത്യാഗം ചെയ്തത്. നിലവില്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനാണ് അഡ്മിനിസ്ട്രേറ്റര്‍ ചുമതല.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പ് മാത്രമാണ് ഈ സമ്മേളനത്തിന്റെ അജണ്ട. മറ്റ് കാര്യങ്ങളെല്ലാം പുതിയ സഭാ തലവന്‍ ചുമതലയേറ്റശേഷമുള്ള സിനഡ് പരിഗണിക്കും. ആകെയുള്ള 65 മെത്രാന്മാരില് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം എണ്‍പത് വയസ് പൂര്‍ത്തിയാകാത്ത 53 പേര്‍ക്കാണ് വോട്ടവകാശം. ആദ്യഘട്ട ചര്‍ച്ചയ്ക്കുശേഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കായി രഹസ്യ ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന മെത്രാന് സഭാധ്യക്ഷനാകും. ആദ്യ റൗണ്ടില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെങ്കില്‍ അഞ്ച് റൗണ്ടുവരെ സമാന വോട്ടെടുപ്പ് നടക്കും. എന്നിട്ടും സഭാധ്യക്ഷനെ തിരഞ്ഞെടുക്കാനായില്ലെങ്കില്‍ രണ്ടുവട്ടംകൂടി വോട്ടെടുപ്പ് നടത്തി കേവലഭൂരിപക്ഷമുള്ളയാള് തിരഞ്ഞെടുക്കപ്പെടും. സിനഡ് തിരഞ്ഞെടുത്ത പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശദാംശങ്ങള്‍ മാര്‍പ്പാപ്പയ്ക്ക് കൈമാറും. തുടര്‍ന്ന് വത്തിക്കാനിലും, കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടക്കും. എറണാകുളം അങ്കമാലി അതിരൂപതാ പ്രതിസന്ധിയിലടക്കം പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.