ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍വെച്ചായിരുന്നു സന്ദര്‍ശനം.ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്. കേന്ദ്ര മന്ത്രി വി മുരീധരനും ഒപ്പമുണ്ടായിരുന്നു.
സഭാദ്ധ്യക്ഷന്റെ വാക്കുകള്‍
കോട്ടയത്തെ സഭാ ആസ്ഥാനം കാണുന്നതിന് നരേന്ദ്ര മോദിയെ ക്ഷണിച്ചതായി സഭാദ്ധ്യക്ഷന് അറിയിച്ചു. സഭയുടെ അദ്ധ്യക്ഷനായതിനു ശേഷം പ്രധാനമന്ത്രിയെ കാണണം എന്നുള്ളത് ആഗ്രഹമായിരുന്നു. പ്രധാനമന്ത്രിയെ നേരില്‍ കണ്ടതില്‍ സന്തോഷം തോന്നുന്നു. പള്ളിയുടേയും സഭ പ്രവര്‍ത്തനങ്ങളേയും കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചുവെന്നും സഭാദ്ധ്യക്ഷന് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന വികസന പരിപാടികളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. തീര്‍ച്ചയായും പരാതികള്‍ ഉണ്ടാകും. അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനായി ഒരു ചര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ സഭാ അദ്ധ്യക്ഷന്‍ പറഞ്ഞു.


