ശിഹാബുദ്ദീന് ഫൈസി, ചീഫ് ഇമാം
പ്രിയരേ,
2024 നവംബര്‍ 4 ഞായറാഴ്ച നമ്മുടെ ജമാ അത്തിന്റെ ചരിത്രകിരീടത്തില് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. സകാത്തുല്മാല് ഭവന പദ്ധതിയുടെ ഭാഗമായി മഹല്ലിലെ എട്ടു കുടുംബങ്ങള്‍ക്ക് സൗന്ദര്യമുള്ളതും സൗകര്യപ്രദവുമായ വീടുകള്‍ നല്കപ്പെടുകയാണ്. മുന്‍കാലങ്ങളില്‍ ഈ പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട പുണ്യകാര്യങ്ങള്‍ നാട്ടുകാര്‍ക്കെല്ലാം ബോദ്ധ്യമുള്ളതാണ്. ഇനി ഭാവിയിലും ഇത്തരം നന്മകളുമായി മുന്നേറാന്‍ സര്‍വ്വശക്തനായ നാഥന് തുണക്കട്ടെ.
ഇസ്ലാമിന്റെ പഞ്ചകര്മ്മങ്ങളില്പ്പെട്ടതാണ് സകാത്ത്. പരിശുദ്ധ ഖുര്‍-ആനില്‍ നിസ്കാരത്തെക്കുറിച്ച് പറഞ്ഞ 28 ഭാഗങ്ങളില്‍ സകാത്തിനേയും ചേര്‍ത്താണ് അള്ളാഹു പറഞ്ഞിരിക്കുന്നത്. ഇത് വിശദീകരിച്ച മഹാന്മാര് സകാത്ത് നല്കാത്തവരുടെ നിസ്കാരം സ്വീകാര്യമാവില്ല എന്നു വിവരിച്ചതായി കാണാം. ഹിജ്റ രണ്ടാം വര്‍ഷം (എ.ഡി. 624) ല്‍ ആണ് സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. പില്ക്കാലത്ത് സകാത്തിന്റെ നിര്‍ബന്ധത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവര്‍ക്കെതിരെ ശക്തമായ സായുധസമരം പ്രഖ്യാപിച്ച ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ന്റെ ചരിത്രം പ്രസിദ്ധമാണ്.
സമൂഹത്തിലെ അവശരും അത്യാവശ്യക്കാരുമായ എട്ടു വിഭാഗങ്ങളാണ് സകാത്തിന്റെ അവകാശികള്‍. അതെ, അതൊരിക്കലും സമ്പന്നരുടെ ഔദാര്യമല്ല, ദരിദ്രരുടെ അവകാശമാണ്. ഇക്കാര്യം ഖുര്‍ ആന്‍ സൂറ:മആരിജ് 24ല്‍ പറഞ്ഞതായി കാണാം.
പരിശുദ്ധ ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം കൃത്യവും വ്യക്തവുമാണ്. സമ്പത്ത് അള്ളാഹുവിന്റെതാണ്, മനുഷ്യര്‍ സമ്പത്തിന്റെ ഉടമസ്ഥര്‍ അല്ല. കൈവശക്കാരന് മാത്രമാണ്. മാറിമാറി വരുന്ന കൈവശക്കാര്‍. സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉടമസ്ഥനായ അള്ളാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ധനം ചിലയിടങ്ങളില്‍ കുന്നുകൂടി നില്‍ക്കാതെ അര്‍ഹരിലേയ്ക്ക് എത്താന്‍, പാവങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സകാത്ത് നിര്‍ബന്ധമായവര്‍ രണ്ടര ശതമാനം നിര്‍ബന്ധമായും നല്‍കണമെന്ന് ഉടമസ്ഥനായ അള്ളാഹു കല്പിച്ചു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും സകാത്ത് പദ്ധതിപോലെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനവും സമൂഹത്തില്‍ നമുക്ക് കാണാനാകില്ല.
ഉള്ളവന് കൂടുതല്‍ ധനികനാകുകയും ഇല്ലാത്തവന് പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതിയെ ലോകം വെറുക്കുമ്പോള്‍ ഉള്ളവന് ഇല്ലാത്തവന് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ഈ വ്യവസ്ഥ ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ പ്രോജ്ജ്വലിച്ചുനില്ക്കുന്നു. ബുദ്ധിയുള്ള സത്യസന്ധരായ സര്‍വ്വര്‍ക്കും ഇവിടെ ഇസ്ലാമിന്റെ മനോഹാരിത ദര്‍ശിക്കാനാകും. നിസ്കാരം, നോമ്പ് ഹജ്ജ് എന്നീ ആരാധനാനുഷ്ഠാനങ്ങളെല്ലാം അവയുടെ നിബന്ധനകളും മര്യാദകളും അനുസരിച്ച് നിര്‍വഹിക്കുന്ന മുസ്ലീങ്ങളില്‍പ്പെട്ട പലരും സകാത്തിന്റെ കാര്യത്തില്‍ തോന്നിയപോലെ ചെയ്യുന്ന സാഹചര്യത്തില്‍, റമളാന്‍ 27ന് നല്കുന്ന നാണയത്തുട്ടുകളാണ് സകാത്തെന്ന് തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നമ്മുടെ മഹല്ലിലെ നിസ്വാര്‍ത്ഥമതികളായ പൂര്‍വ്വികര്‍ പണ്ഡിതന്മാരുടെ നിര്‍ദ്ദേശപ്രകാരം ഒരുക്കിയ സംവിധാനമാണ് സകാത്തുല്മാല് പദ്ധതി. ഇസ്ലാമിക നിയമത്തിലെ വക്കാലത്ത് പ്രകാരമാണ് സകാത്ത് സ്വീകരിക്കുന്നതും അര്‍ഹരിലേക്ക് എത്തിക്കുന്നതും.
ഈ മഹത്തായ പദ്ധതിയുടെ വക്കീല്‍ എന്ന നിലയില്‍ പരമാവധി ഈ സംരംഭം കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും, വന്നുചേരാനിടയുള്ള കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും കാരുണ്യവാനായ നാഥന് മാപ്പാക്കട്ടെ. ആമീന്‍.
തുടര്‍ന്നും മഹല്ലിലെ നല്ലവരായ, ഉദാരമതികളായ സത്യവിശ്വാസികള്‍ ഇത്തരം നന്മകളില് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Marketing Feature of CMJ