തൊടുപുഴ: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല, ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജനകീയ, കാർഷിക വിഷയങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുകയും, വിപ്ളവ നിലപാടുകൾ കൊണ്ട് നാടിന്റെ അംഗീകാരമേറ്റുവാങ്ങുകയും ചെയ്ത വ്യക്തിത്വമായിരുന്നു മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റേത്. കേരളത്തിൽ മറ്റെല്ലായിടത്തും ഉള്ള സൗകര്യങ്ങൾ ഇടുക്കിയിൽ ഉണ്ടാകണമെന്നും, സർക്കാരുകൾ മലയോര കർഷകരുടെ കാര്യത്തിൽ ഉദാസീനത ഒഴിവാക്കണമെന്നും നിരന്തരം അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന അനിതര സാധാരണമായ ശൈലിക്ക് എന്നും നാടിന്റെ തനിമയും, പാരമ്പര്യവും അവകാശപ്പെടാനാകും. നാടുള്ള കാലം വരെയും എല്ലാവരുടെയും മനസ്സിൽ ചിരപ്രതിഷ്ഠയായി അദ്ദേഹത്തിന്റെ സ്മരണകൾ നിലനിൽക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

