കൊച്ചി: നടന് ഷെയ്ന് നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് അമ്മ ഭാരവാഹികൾക്ക് ഷെയ്ൻ നിഗമിന്റെ മാതാവ് കത്ത് നൽകിയത്.
വെയില്, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ കടുത്ത നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും എന്ന് സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്.
മകന്റെ ഭാഗം കേൾക്കാതെയാണ് നിർമാതാക്കൾ തീരുമാനം എടുത്തതെന്നും അതിനാൽ പ്രശ്നത്തിൽ ഇടപെടണം എന്നുമാണ് ആവശ്യം. വളർന്നു വരുന്ന താരം എന്ന നിലക്ക് പ്രശ്നത്തിൽ ഇടപെടാം എന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇന്നലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന് അഭിനയിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്നും ഏഴ് കോടി രൂപ നഷ്ടപരിഹാരം ഷെയ്ന് നല്‍കണമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.


