മൂവാറ്റുപുഴ: വേനല്‍ ചൂട് കടുത്തതോടെ വഴിയോര മാമ്പഴ വിപണി സജീവമായി. നാട്ടില്‍ നാടന്‍ മാമ്പഴം കിട്ടാതായതോടെ ചാവക്കാട് നിന്നാണ് മാമ്പഴം മൂവാറ്റുപുഴയിലെത്തുന്നത്. നാട്ടിലുണ്ടായിരുന്ന മാവുകളധികവും വെട്ടികളഞ്ഞതോടെ നാടന്‍ മാങ്ങക്ക് ക്ഷാമമായി. ചാവക്കാട് നിന്ന് എത്തിക്കുന്ന മൂവാണ്ടന്‍ മാമ്പഴത്തിനാണ് ഇക്കുറി വന്‍ഡിമാന്റ്.
വരവ് മാമ്പഴം ക്രിത്രിമ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ ഇത് കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇതോടെ മറുനാടന്‍ മാമ്പഴത്തിന് പ്രിയം കുറഞ്ഞതാണ് നാടന്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. നാടന്‍ മാങ്ങ ഒരു രാസപദാര്‍ത്ഥവും ചേരാതെ സ്വഭാഭികമായി പഴുക്കുന്നതിനാല്‍ മാമ്പഴം കഴിക്കുന്നവര്‍ക്ക് ഒരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുകയില്ല. മാത്രമല്ല കടുത്ത ചൂടില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നാടന്‍ മാമ്പഴം കഴിക്കുന്നതുവഴി ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യുന്നു.
മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്ന ഇ.ഇ.സി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കൂടുതല്‍ പേരും മാമ്പഴം വാങ്ങാന്‍ എത്തുന്നത്. കൂടാതെ വാഴപ്പിള്ളി, ഹോസ്റ്റല്ജംഗ്ഷന്, കീച്ചേരിപടി, ബി.ഒ.സി എന്നിവിടങ്ങലിലും മാമ്പഴ വിപണി സജീവമാണ്. വിപണന കേന്ദ്രത്തിന്റെ കുടക്കുകീഴില്‍ ഇരുന്ന് മാമ്പഴം വാങ്ങി മുറിച്ച് തിന്നതിനുശേഷം അല്പം വിശ്രമിച്ച് പോകുന്നവരും ഉണ്ട്. മൂവാറ്റുപുഴയിലൂടെ പോകുന്ന വിനോദ സഞ്ചാരികള്‍ മാമ്പഴ വിപണന കേന്ദ്രത്തില്‍ വാഹനം നിര്‍ത്തി ആവശ്യത്തിന് മാമ്പഴം വാങ്ങിപോകുന്നുണ്ട്.
ചാവക്കാട് നിന്ന് ലോഡ് കണക്കിന് മാമ്പഴമാണ് ഇക്കുറി മൂവാറ്റുപുഴയിലും പരിസരങ്ങളിലും എത്തിയത്. നിരവധി കുടുംബങ്ങളാണ് മാമ്പഴ വഴിയോര വിപണന കേന്ദ്രള്‍ നടത്തുന്നതിലൂടെ ജീവിത മാര്‍ഗ്ഗത്തിനായി തൊഴില്‍ കണ്ടെത്തിയിരിക്കുന്നത്. മൂവാറ്രുപുഴയിലെത്തുന്ന സാധാരണക്കാര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും വഴിയോര മാമ്പഴ വിപണന കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങളാണെന്ന് വെള്ളൂര്‍കുന്നത്തെ വില്പനക്കാരന് ഒറവകുഴി സ്വദേശി അബ്ദുള്‍ സലാം പറഞ്ഞു. ലോഡ് മാമ്പഴം സുഹൃത്തുക്കളുമായി ചേര്‍ന്ന ഷെയറായിട്ടാണ് എടുക്കുന്നത്. രണ്ടോ മൂന്നോ സ്ഥലങ്ങളിലിട്ട് വില്‍പ്പന നടത്തുന്നതിനാല്‍ ഏറ്റവും വേഗത്തില്‍ തന്നെ ആളുകള്‍ക്ക് മാമ്പഴം എത്തിക്കാന്‍ കഴിയുന്നുണ്ട്. ആവശ്യക്കാരേറെയുള്ള മൂവാണ്ടന്‍ മാമ്പഴം ഒന്നര കിലോ നൂറ് രൂപ, രണ്ടര കിലോ 150രൂപ എന്നീ ക്രമത്തിലാണ് വില്പന നടത്തുന്നതെന്നും സലാം പറഞ്ഞു.