മൂവാറ്റുപുഴ: ഉടുതുണിക്കു മറു തുണി ഇല്ലാതെ ക്യാമ്പുകളിലെത്തിയ ആയിര കണക്കിന് പ്രളയബാധിതർക്ക് വസ്ത്രങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകി മൊത്തവ്യാപാരി മാതൃകയായി. നഗരത്തിലെ പച്ചക്കറി, ഫ്രൂട്സ് മൊത്തവ്യാപാരികളായ പി.വി.എം ഗ്രൂപ്പാണ് പ്രളയക്കെടുതിയിൽ കൈതാങ്ങായത്. മുവാറ്റുപുഴയിലെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞ ദുരിത ബാധിതർക്ക് ഇരുപത് ടൺ പച്ചക്കറികളും പഴവർഗങ്ങളും എത്തിച്ച് നൽകിയാണ് പി വി എം സഹോദരൻമാർ മാതൃകയായത്.

ദുരിതാശ്വാസ ക്യാമ്പുകളിലടക്കം സാധനങ്ങൾ കിട്ടാതെ വലയുന്നതിനിടയിലായിരുന്നു ദുരിതം കണ്ടറിഞ്ഞ പി.വി.എം ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർമാരാ യ പി.എം.അമീറലിയും, പി.എം.അബ്ദുൽ സലാമും പച്ചക്കറികളും പഴവർഗങ്ങളും ക്യാമ്പുകളിൽ അടക്കം എത്തിച്ചു നൽകിയത്.

സഹോദരങ്ങളായ പി എം ഇബ്രാഹിം, പി എം ഇസ്മയിൽ എന്നിവരും അവരുടെ മക്കളും ചേർന്നാണ് ഭക്ഷണ വസ്തുക്കൾ വിതരണം നടത്തിയത്.

ദുരിതബാധിതർക്കായി തുറന്ന ക്യാമ്പുകൾക്ക് പുറമെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളിലും ഇവർ സാധനങ്ങൾ എത്തിച്ചു നൽകി.ആപ്പിൾ അടക്കമുള്ള പഴവർഗങ്ങളാണിവർ നൽകിയത്. ഇതിനു പുറമെയാണ് ക്യാമ്പുകളിൽ എത്തിയ ആയിരത്തിലധികം പേർക്ക് വസ്ത്രങ്ങളും വിതരണം ചെയ്തത്. നൈറ്റി, ലുങ്കി, ഉടുപ്പുകൾ, തോർത്തുകൾ എന്നിവയാണ് നൽകിയത്.



