കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. റാഷിക്കിന്റെ പക്കല്‍ നിന്ന് 1066 ഗ്രാം സ്വര്‍ണ്ണമിശ്രിതവും മുനീറില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്. രണ്ടുപേരും നാല് ക്യാപ്സൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന്റെ ക്യാരിയറായാണ് രണ്ടുപേരും പ്രവര്‍ത്തിച്ചതെന്നാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി. ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് തങ്ങളിത് കൊണ്ടുവന്നതെന്നും കസ്റ്റംസിന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.