കായംകുളം: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കായംകുളം കീരിക്കാട് തെക്ക് വൈക്കത്ത് പുതുവല്‍ (കൊളങ്ങരേത്ത്) കോയാക്കുട്ടിയുടെ മകന് അബ്ദുള്‍ അസീസ്(50), തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാവിലെ റിയാദില്‍ മലയാളികള്‍ നടത്തുന്ന, റൗദ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ മലാസ് റസ്റ്റോറന്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീണായിരുന്നു അപകടം. അപകടസമയത്തു സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കിംഗ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രഭാതഭക്ഷണം കഴിക്കാന്‍ എത്തി ഹോട്ടലിന്റെ മുന്നില്‍ നില്ക്കുന്പോള് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഭാഗികമായി നിലംപൊത്തുകയായിരുന്നു. ഇരുവരും ഇതിനടിയില്പ്പെട്ടു. ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സ്വകാര്യകന്പനിയില്‍ ഡ്രൈവറാണു മരിച്ച അബ്ദുള്‍ അസീസ്. സാമൂഹികപ്രവര്ത്തകന് കൂടിയായ അബ്ദുള്‍ അസീസ് റിയാദിലെ കേളി കലാസാംസ്കാരികവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗവും റൗദ ഏരിയാ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. മക്കള്‍: ആരിഫ്, ആഷിന.

