കോവിഡ് 19 ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ പകര്‍ന്ന് പിടിച്ചതോടെയാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം.ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.
വൈറസ് വ്യാപനത്തിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്പ്പില് ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശത്തോടെയാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത് . ചൈനയ്ക്കു പുറത്ത് രോഗവ്യാപനം അതിവേഗമാണ്. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ 13 മടങ്ങ് വര്‍ധനവുണ്ടായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 110 രാജ്യങ്ങളിലായി 118,000ലേറെ പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണം ഇപ്പോള്‍ ഇറ്റലിയിലാണ്. അറുനൂറിലേറെ പേരാണ് ഇറ്റലിയില്‍ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്നു മരിച്ചത്.


