ഹജ്ജ് തീർത്ഥാടനത്തിൽ അവസാന കല്ലേറ് കർമ്മവും പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പ് മിനായിൽ നിന്നും വിടവാങ്ങി. നാലാം ദിവസത്തെ കല്ലേറ് കർമ്മം കൂടി ആഗ്രഹിക്കുന്ന ഹാജിമാർ മാത്രമാണ് ഇന്നലെയും അവിടെ തങ്ങിയത്.അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.ഹജ്ജ് അതിന്റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 18 ലക്ഷത്തിലധികം പേർ പങ്കെടുത്തതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 16.11 ലക്ഷംപേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും 2.21 ലക്ഷംപേർ ആഭ്യന്തര തീർത്ഥാടകരുമാണ്. പുരുഷന്മാർ 9.58 ലക്ഷം, സ്ത്രീകൾ8.75 ലക്ഷം. കടുത്ത ചൂടുമൂലം ജോർദാനിൽ നിന്നെത്തിയ 14പേർ മരിച്ചു.അവർണനീയമായ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിെൻറ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക.