കേരളം വഴി ഹജ്ജിനായി വിശുദ്ധഭൂമിയിലേക്ക് 280 ഇതര സംസ്ഥാന ഹാജിമാരാണ് ഇക്കുറി യാത്രയാവുക. ഇതില്‍ കൊച്ചി പുറപ്പെടല്‍ കേന്ദ്രം വഴി ഇതര സംസ്ഥാനത്ത് നിന്നുള്ള 200 പേരുണ്ടാകും. ഇവരില്‍ തമിഴ്നാട്- 105, ലക്ഷദ്വീപ്- 93, കര്‍ണാടക- രണ്ട് എന്നിങ്ങനെയാണ് കണക്ക്. കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രം വഴി കര്‍ണാടക- 35, പുതുച്ചേരി- 14, പശ്ചിമ ബംഗാള്‍- നാല്, മഹാരാഷ്ട്ര- മൂന്ന് ഉള്‍പ്പെടെ 56 ഹാജിമാര്‍ പോകും. 24 പേര് കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം വഴിയാണ് പോകുക. തമിഴ്നാട് 16, കര്‍ണാടക നാല്, ഗോവ മൂന്ന്, ഒഡീഷ ഒന്ന് എന്നിങ്ങനെയാണ് എണ്ണം.
കരിപ്പൂര്‍, കൊച്ചി പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായി ഇന്നലെ വരെ 3,266 ഹാജിമാര്‍ വിശുദ്ധഭൂമിയിലെത്തി. ഇതില്‍ കരിപ്പൂര്‍ വഴി 2,988 പേരാണ് പുറപ്പെട്ടത്. ഇവരില്‍ 768 പുരുഷന്മാരും 2,220 സ്ത്രീകളുമാണ്. ഹജ്ജ് ക്യാമ്പ് ഒരാഴ്ച പിന്നിട്ടതോടെ 18 വിമാനങ്ങള്‍ സര്‍വീസ് നടത്തി.
ഇന്നലെ പുറപ്പെട്ട രണ്ട് വിമാനങ്ങളില്‍ മഹ്റമില്ലാത്ത വനിതാ തീര്‍ഥാടകരും ഒന്നില്‍ ജനറല്‍ വിഭാഗത്തിലെ ഹാജിമാരുമായിരുന്നു. ഇന്ന് മഹ്റമില്ലാത്തവര്ക്കായി രണ്ടും ജനറല്‍ വിഭാഗത്തിന് ഒരു വിമാനവുമാണ് സര്‍വീസ് നടത്തുന്നത്. ആദ്യ വിമാനം ജനറല്‍ വിഭാഗത്തിലെ തീര്‍ഥാടകരുമായി പുലര്‍ച്ചെ 12.05നും രണ്ടാമത്തേത് രാവിലെ എട്ടിനും മൂന്നാമത്തേത് വൈകിട്ട് അഞ്ചിനും യാത്ര തിരിക്കും.
ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് ഹാജിമാര്‍ക്ക് യാത്രാമംഗളം നേര്‍ന്നു. ഹജ്ജ് കമ്മിറ്റിയംഗവും ക്യാമ്പ് ജനറല്‍ കണ്‍വീനറുമായ അഡ്വ. പി മൊയ്തീന് കുട്ടി, ഡോ. ഐ പി അബ്ദുല്‍ സലാം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.