തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മുട്ടട വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് മങ്ങിയ വിജയം. 203 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ 571 വോട്ടുകള്‍ക്ക് ജയിച്ച സീറ്റാണിത്. മുട്ടട വാര്‍ഡിലെ കൗണ്‍സിലര്‍ സിപിഎമ്മിലെ റിനോയ് ടി.പി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം 2020ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ബിജെപിയെയും മറികടന്ന് രണ്ടാമതെത്തിയിട്ടുണ്ട്.
2020ല്‍ എല്‍ഡിഎഫിന് 1275 വോട്ട് കിട്ടിയപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്ത് അത് 1228 ആയി കുറഞ്ഞു. അതേസമയം 2020ല്‍ 505 വോട്ട് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇരട്ടിയിയിലധികം വോട്ടാണ് അധികമായി നേടിയത്. വാര്‍ഡില്‍ ബിജെപിക്കും വോട്ട് കൂടിയപ്പോള്‍ വോട്ട് കുറഞ്ഞത് എല്‍ഡിഎഫിനാണ്. സിപിഎം സ്ഥാനാര്‍ഥി അജിത് രവീന്ദ്രന് 1228 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലാലന് ആര് 1025 വോട്ടുകള്‍ സ്വന്തമാക്കി. ബിജെപിയുടെ മണി എസിന് 765 വോട്ടുകളുമാണ് ലഭിച്ചത്.