മുവാറ്റുപുഴ : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ ഏറ്റവും വെറുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ. ജനങ്ങളുടെ വികാരം സര്‍ക്കാരിന് എതിരാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നിരന്തരമായി വ്യാജ കേസുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
എല്ലാവരും നിശബ്ദരാകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും സര്‍ക്കാര്‍ വേട്ടയാടുന്നത് നിഷ്കളങ്കമായി കാണുവാന്‍ സാധിക്കില്ല. ഒരു വിജിലന്‍സ് കേസ് കാണിച്ചു പ്രതിപക്ഷ നേതാവിനെ വിരട്ടാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ വിഡ്ഢിത്തമാണ്. നാല് കൊല്ലം മുന്‍പ് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി കെപിസിസി പ്രസിഡന്റിനെതിരെ ഇപ്പോള്‍ കേസ് എടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഹൈക്കോടതി പോലും ഈ കേസിനെ സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ നടത്തിയത്. സ്വന്തം പര്ട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെ അഴിമതികള്‍ പിണറായി വിജയന് മൂടിവെക്കുന്നത് അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ലാത്തത് കൊണ്ടാണെന്നും എംഎല്‍എ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ആലുവയില്‍ അഞ്ച് വയസുള്ള ഒരു കുഞ്ഞിനെ പോലീസ് സംവിധാനം ബലി നല്‍കുകയായിരുന്നു. സംസ്ഥാനത്ത് മദ്യ, ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. ബാക്ക് സീറ്റ് ഡ്രൈവിംഗ് ആണ് അഭ്യന്തര വകുപ്പില്‍ നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ പിടിച്ച വിലയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കുകയാണ് സര്‍ക്കാരിന്റെ നയം. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചു വിടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മാത്യൂ കുഴല്നാടന് ആരോപിച്ചു.
പ്രതിപക്ഷ നേതാവിനെതിരെ സംസാരിക്കാനും വ്യാജ വാര്‍ത്തകള്‍ നല്‍കാനും നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സിപിഎം ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ആരോപിച്ചു. പ്രതിപക്ഷത്തെ ആക്രമിക്കുക എന്നത് മാത്രമാണ് ഇത്തരം തട്ടിക്കൂട്ട് വ്ലോഗര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന അജണ്ട. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. മുവാറ്റുപുഴ കെ.എസ്.ആര്.ടി.സി ജംഗ്ഷനില്‍ നിന്നും പ്രകടനമായിട്ടാണ് മാര്‍ച്ച് തുടങ്ങിയത്. സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് കെട്ടി മാര്‍ച്ച് പോലീസ് തടഞ്ഞു. നിശ്ശബ്ദരാകില്ല ഞങ്ങള്‍ എന്ന മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോണ്‍ പ്രതിഷേധ സമരത്തില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ മുഹമ്മദ് ബഷീര്‍, അഡ്വ. വര്‍ഗീസ് മാത്യു, യുഡിഎഫ് ചെയര്മാന് കെ.എം സലിം, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം പരീത്, നഗരസഭാ ചെയര്മാന് പി.പി എല്‍ദോസ്, വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, കബീര്‍ പൂക്കടശേരി, മുഹമ്മദ് റഫീഖ്, ഹിപ്സന് അബ്രഹാം, കെ.ഒ ജോര്‍ജ്, കെ.കെ ഉമ്മര്‍, പി.എം അബൂബക്കര്‍, ഷിബു ജോസ്, മാത്യൂസ് വര്‍ക്കി, ഷെല്‍മി ജോണ്സന്, കെ.പി ജോയി, സാബു പി വാഴയില്‍, അബ്രഹാം തൃക്കളത്തൂര്‍, ജോയ്സ് മേരി ആന്റണി, മുഹമ്മദ് റഫീഖ്, ജിക്കു വര്‍ഗീസ്, മിനി എല്‍ദോ, രജിത പി, അഡ്വ. സനിതാ, കെ.എം അബ്ദുള്‍ സലാം, എസ് മജീദ്, കെ.എസ് കബീര്‍, വി.വി ജോസ്, കെ.എം പരീത്, പി.എം അസ്സീസ്, പി പി ജോളി, ജെറിന് ജേക്കബ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.