കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയായ ഭാര്യ വായ്പയെടുത്താണ് മിനി കൂപ്പർ വാങ്ങിയതെന്നി മിനി കൂപ്പർ വാങ്ങി വിവാദത്തിലായ കൊച്ചിയിലെ സി ഐ ടി യു നേതാവ് പി.കെ അനിൽകുമാർ. അമ്പത് ലക്ഷം രൂപ വില വരുന്ന മിനികൂപ്പറാണ് പെട്രോളിയം ഗ്യാസ് ആൻഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അനിൽകുമാർ വാങ്ങിയത്. കുടുംബത്തോടൊപ്പം ഷോറൂമിൽ നിന്നും വാഹനം സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തൊഴിലാളി സംഘടന തലപ്പത്ത് പ്രവർത്തിക്കുന്ന നേതാവ് ഇത്രയും വിലയുള്ള വാഹനം വാങ്ങിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മിനി കൂപ്പർ വിവാദം പ്രതിപക്ഷ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചിയിൽ മുൻപ് ഗ്യാസ് ഏജൻസി ഉടമയായ വനിതയെ ആക്രമിച്ച സംഭവത്തിലും അനിൽകുമാർ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്ന് പാർട്ടിയാണ് അനിൽകുമാറിനായി സംരക്ഷണമൊരുക്കിയിരുന്നത്.
ഭാര്യ 28 വർഷമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയാണ്. അഞ്ച് വർഷം കൂടുമ്പോൾ വാഹനം മാറ്റിയെടുക്കാനുള്ള ഓപ്ഷൻ അവർക്കുണ്ട്. അതിന്റെ ഭാഗമായി അവർക്ക് ഏത് വാഹനം വേണമെങ്കിലും വാങ്ങാം. ബാങ്കുമായി ബന്ധപ്പെട്ട് സാലറി സർട്ടിഫിക്കറ്റും മറ്റ് രേഖകളുമെല്ലാം സമർപ്പിച്ചാണ് വാഹനം വാങ്ങിയിരിക്കുന്നത്. മകന് വാഹനത്തോട് ഭയങ്കര താത്പര്യമാണ്. മകന്റെ നിർബന്ധപ്രകാരമാണ് വാഹനം വാങ്ങിയതെന്നും അനിൽകുമാർ പറഞ്ഞു.
തന്നെ ആക്രമിക്കുകയാണെന്ന് സംഘടനക്ക് വ്യക്തമായി അറിയാമെന്നും സംഘടനാ തലത്തിൽ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അനിൽകുമാർ വ്യക്തമാക്കി. സംഭവത്തിൽ സി പി എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.