അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. യോഗത്തില്‍ തന്റെ ഭാഗം ഇപി ജയരാജന് വിശദീകരിച്ചെന്നാണ് സൂചന. ആരോപണം ഉന്നയിച്ച പി ജയരാജന് പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല.ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജന് പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നുമാത്രം ഇ പി ജയരാജന് പറഞ്ഞു.
വലിയ വിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. തത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവരശേഖരണം നടത്തി വിവരങ്ങള്‍ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാല്‍ മതി. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.
റിസോര്‍ട്ടിലെ മാനേജ്മെന്റിലെ പടലപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇ.പിയുടെ വാദം. മാത്രമല്ല വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നില്ല. ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.


