കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടംകൂടി വരി നില്ക്കുന്ന സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യശാലകള്‍ക്ക് മുന്നിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് കോടതി നിരീക്ഷിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളില് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. തൃശൂര്‍ കുറുപ്പം റോഡിലെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കുട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇത് ചൂണ്ടി കാട്ടിയത്.
മദ്യം വാങ്ങാന്‍ എത്തുന്ന ആള്‍ക്കൂട്ടം പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുക എന്നും കോടതി ചോദിച്ചു. മദ്യശാലകള്‍ പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ട്. തിരക്ക് ഒഴിവാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് 11-നകം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മദ്യവില്പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. അതേസമയം, തിരക്ക് ഒഴിവാക്കാന്‍ രാവിലെ ഒന്‍പത് മുതല്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തിരക്കുള്ള സ്ഥലങ്ങളിലെ 96 മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


