നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്ന പേരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പാർട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ച് മാണി സി കാപ്പന്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പേരുകള്‍ ആണ് മാണി സി കാപ്പന് എംഎല്‍എ കമ്മീഷന് സമര്‍പ്പിച്ചത് എന്ന് വ്യക്തമാക്കി.
രണ്ട് പേരുകളിൽ ഡിസികെ എന്ന പേരാണ് താൻ വ്യക്തിപരമായി നല്കാൻ ആഗ്രഹിക്കുന്നതെന്നും, കമ്മീഷന് അറിയിപ്പുപ്രകരം ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഹിയറിംഗിലായിരിക്കും പാര്‍ട്ടിയുടെ പേര് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക എന്നും മാണി സി കാപ്പന് വ്യക്തമാക്കി.
കഴിഞ്ഞ മാസം മൂന്നിന് കമ്മീഷൻ്റെ നിര്‍ദേശ പ്രകാരം എന്‍സികെ പിരിച്ചുവിട്ടിരുന്നുവെന്നും അതോടൊപ്പം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 14 ജില്ലകളിലും കമ്മിറ്റികള്‍ കാര്യക്ഷമമാക്കുമെന്നും സംസ്ഥാന ജില്ലാ നേതാക്കളെ യുഡിഎഫ് പ്രതിനിധികളായി നിയമിക്കുമെന്നും മാണി സി കാപ്പന് പറഞ്ഞു.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍ കൂടെ വന്നതെന്നും അതിനുവിപരീതമായി സംഭവിച്ചപ്പോള്‍ മുതല്‍ പ്രേശ്നങ്ങൾ ഉണ്ടാക്കിയെന്നും വെളിപ്പെടുത്തിയ മാണി സി കാപ്പന് എന്‍സികെ നേതാക്കളുടെ രാജിയിലും പ്രതികരിച്ചു.
പാര്‍ട്ടി വിട്ട എന്‍സികെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം രാജി വെച്ചതെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.


