തിരുവനന്തപുരം: ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ശശിധരന് എന്നും എം.ടി രമേശ് പറഞ്ഞു.
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജന്‍സി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കൈതോലപായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയെന്നാണ് ഫെയ്സ്ബുക്കിലൂടെ ശക്തിധരന് വെളിപ്പെടുത്തിയത്.
കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്? ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും രമേശ് ചോദിച്ചു.
തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതന്. ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച നേതാവ് കോടീശ്വരനായതിന്റെ കച്ചവടക്കഥകള്‍ പുറത്തുവരണം. ശക്തിധരന് സഖാവ് പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പത്രപ്രവര്‍ത്തകനും പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുളളതാണ്. ഒളിച്ചുകടത്തുന്ന കൈതോലപ്പായകളും ബിരിയാണി ചെമ്പുകളുമാണ് സിപിഎം ഭരണത്തിന്റെ മുഖമുദ്രയെന്നും രമേശ് പറഞ്ഞു