വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. സംഘര്‍ഷം വ്യാപകമാവാതിരിക്കാന്‍ നിയമ നടപടി കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പൊലീസ് ആത്മസംയമനം പാലിച്ചുവെന്ന് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകണമെന്നാണ് പൊതു അഭിപ്രായമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് സമരസമിതി സര്‍വകക്ഷി യോഗത്തെ അറിയിച്ചതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പദ്ധതിക്കെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റെയും തീരുമാനം. വിമര്ശങ്ങള്ക്കും ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി നേരിട്ട് തന്നെ മറുപടി നല്‍കും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കും. വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപെടുത്തി. കലാപ സമരത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരസമിതി ഉന്നയിക്കുന്നത് നടക്കാത്ത ആവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു.


