കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയുടെ മാണി സി.കാപ്പന് മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തിലാണ് മാണി സി.കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ.
മൂന്നുതവണ കെ.എം.മാണിയോട് മത്സരിച്ച് മാണി സി.കാപ്പന് പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തില്‍ ഇക്കുറി മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. തന്നെയുമല്ല, 2001ല്‍ ഉഴവൂര്‍ വിജയന് മത്സരിച്ചപ്പോള്‍ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കില് 2006ല്‍ അത് 7,590 ആയി കുറയ്ക്കാന്‍ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,703 ആയി കുറയ്ക്കാനും മാണി സി.കാപ്പന് സാധിച്ചു. ഇതാണ് എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരാന്‍ ഒരു കാരണം.
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂര്‍ണ പിന്തുണ മാണി സി.കാപ്പനാണ്. എന്നാല്‍ കോട്ടയം ജില്ലാ മുന്‍ നേതാക്കള്‍ മാണി സി.കാപ്പന് എതിരെ ശബ്ദമുയര്‍ത്തിയിരുന്നു.


