മലപ്പുറം: എല്‍ഡിഎഫില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലന്നും വസ്തുനിഷ്ട യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിച്ചുപോകാറാണ് പതിവെന്നും എം വി ഗോവിന്ദന് മലപ്പുറത്ത് പറഞ്ഞു. അടുത്ത ടേമില്‍ മുഖ്യമന്ത്രിയായി എംവി ഗോവിന്ദനെ പ്രതീക്ഷിക്കാനാവുമോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. പാര്‍ട്ടിക്കകത്ത് തെറ്റായ പ്രവണതയോടെ നില്‍ക്കാനാവില്ല. ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
മുഖ്യമന്ത്രിയായി പിണറായി വിജയന്റെ അവസരം രണ്ട് ടേമില്‍ അവസാനിക്കില്ലേ. അടുത്ത തവണ മുഖ്യമന്ത്രിയായി ഗോവിന്ദന് മാഷെത്തുമോയെന്ന് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്’അടുത്ത ടേം എല്‍ഡിഎഫിന് തന്നെയാണെന്ന് ഉറപ്പിച്ചില്ലേ. നന്നായി. ആരെയാണ് മുഖ്യമന്ത്രിയാക്കുകയെന്ന് എല്‍ഡിഎഫ് മുന്‍കൂട്ടി തീരുമാനിക്കാറില്ല. ഇതുവരെ തീരുമാനിച്ചിട്ടുമില്ല. അങ്ങനയൊരു പാര്‍ട്ടിയല്ല സിപിഐഎം. വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിച്ചുപോകും.’
മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് വരില്ലേയെന്ന ചോദ്യത്തിന് മതനിരപേക്ഷതയ്ക്ക് വെള്ളം ചേര്‍ക്കാത്ത നിലപാട് സ്വീകരിക്കണമെന്നായിരുന്നു മറുപടി.


