കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കൊടുക്കുകയായിരുന്നെന്ന് അനുപമയുടെ അച്ഛന് പി.എസ്. ജയചന്ദ്രന്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പിതാവിന്റെ പേരും വിലാസവും മാറി നല്‍കിയതാരെന്നും അറിയില്ല. ദത്തു നല്കല് നടപടികള്‍ മരവിപ്പിച്ച കുടുംബ കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമില്ല. സംഭവിച്ചതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും താന്‍ ഒളിവിലല്ലെന്നും ജയചന്ദ്രന് പറഞ്ഞു. ജയചന്ദ്രന് ഒളിവിലായതിനാല്‍ വിശദീകരണം ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞിരുന്നത്.
അനുപമയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ വച്ചതിനാല്‍ സറണ്ടര്‍ ചെയ്യുമ്പോഴുള്ള നിയമം ബാധകമല്ലെന്ന് ജയചന്ദ്രന്. കുഞ്ഞ് ജനിക്കും മുമ്പു തന്നെ പാര്‍ട്ടിയോട് പ്രശ്നങ്ങള്‍ പറഞ്ഞിരുന്നു. ഇന്നലെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത കാര്യവും ജയചന്ദ്രന് സ്ഥിരീകരിച്ചു.
ക്രൈസ്തവ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച തനിക്ക് ജാതിയല്ലായിരുന്നു അജിത്തിന്റെ കാര്യത്തില്‍ പ്രശ്നമെന്നാണ് ജയചന്ദ്രന്റെ വാദം. അജിത്തിന്റെ ധാര്‍മിക വശം ഒരു കുടുംബത്തിനും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മറ്റൊരു ഭാര്യയുള്ള ആളുമായി മകള്‍ക്കുണ്ടായ ബന്ധം എങ്ങനെ അംഗീകരിക്കുമെന്നും ജയചന്ദ്രന് ചോദിക്കുന്നു.


