കോട്ടയം: പാലാ ഉപതെഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിനു കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 8.30നു ആദ്യ ലീഡ് സൂചന ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളും തുടര്‍ന്നു ബൂത്ത് തിരിച്ചും എണ്ണും. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
പാലായില്‍ ഇക്കുറി ജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന് പറഞ്ഞു. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടും. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം പിന്തുണച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിഡിജെഎസിന്റെ വോട്ടും തനിക്ക് ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കുറവായിരുന്നത് ആത്മവിശ്വാസം കൂട്ടുന്നതാണ്. യുഡിഎഫിന്റെ വോട്ടുകളാണ് ചെയ്യാതെപോയത്. ഇക്കുറി പതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്നും കാപ്പന് പറഞ്ഞു.
എന്നാല്‍ കെ.എം മാണി തരംഗം ഉണ്ടാകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പ്രതീക്ഷിക്കുന്നത്. മാണി തരംഗം ആഞ്ഞടിച്ചാല്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ജോസഫിന്റെ ഉടക്കൊന്നും ഫലം ചെയ്യില്ലെന്ന ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം.


