ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുന്ന എല്ലാവരേയും കോണ്‍ഗ്രസ് വിദ്യാസമ്പന്നരാക്കിയെന്ന് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 70 വര്‍ഷക്കാലം കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന നരേന്ദ്രമോദിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. പ്രതികാര ദാഹിയായതിനാലാണ് മോദി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കടന്നാക്രമിച്ചു. കോണ്‍ഗ്രസിനോട് മോദിക്ക് കടുത്ത വെറുപ്പാണ്. തന്റെ എതിരാളിയെ നിഷ്കരുണം നേരിടുകയാണ് മോദിയും സംഘവുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ചുറ്റുപാടും നോക്കിയാല്‍ പ്രധാനമന്ത്രിക്ക് മനസ്സിലാവും. ഞങ്ങള്‍ ഡാമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ സ്ഥാപിച്ചു, എല്ലാവര്ക്കും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും തൊഴിലും നല്കി,’ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 16 ശതമാനമായിരുന്നു സാക്ഷരതയെങ്കില്‍ ഇന്ന് അത് 70 ശതമാനമാണെന്ന് ഖാര്‍ഗെ പങ്കുവെച്ചു.
‘ആരാണ് ജനങ്ങളെ സാക്ഷരരാക്കിയത്?. ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ശാസ്ത്രജ്ഞരേയും അധ്യാപകരേയും അഭിഭാഷകരേയും ആരാണ് സൃഷ്ടിച്ചത്?. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വിദ്യ നല്കി,’ ഖാര്‍ഗെ ആവര്‍ത്തിച്ചു. തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയേയും കുടുംബത്തേയും പ്രതിസന്ധിയിലാക്കുന്നു. കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ ബിജെപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. എന്നാല്‍ അതേ ബിജെപി ഗുജറാത്തില്‍ നിന്നുള്ള സ്വന്തം എംപി നാരായണ്‍ ഭായ് കച്ചാഡിയയെ അയോഗ്യനാക്കിയിട്ടില്ല. ഒരു ദളിത് ഡോക്ടറെ അക്രമിച്ചതിന് ശിക്ഷ നേരിട്ടയാളാണ് അദ്ദേഹം എന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗേ.


