തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് ഭീതിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോണ്‍ഗ്രസും അഴിഞ്ഞാടുകയാണ്. എന്തിനാണ് ഈ സമരാഭാസമെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ഇത് ആസൂത്രിതമായ കലാപ നീക്കമാണെന്ന് സംശയിക്കണം.
സെക്രട്ടറിയറ്റില്‍ തീ പിടുത്തമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ ബിജെപി നേതാക്കള്‍ സെക്രട്ടറിയറ്റിന് ഉള്ളിലെത്തിയത് ഇതിന് തെളിവാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനുള്ള സമയം പോലും നല്‍കാതെ തുടര്‍ന്ന് നടന്ന അക്രമങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് സംഘടിപ്പിച്ചത്.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി നടത്തുന്ന ഈ അഴിഞ്ഞാട്ടം രോഗവ്യാപനം കൂടി ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കണം. ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി കൊവിഡ് വ്യാപനത്തിന് കളമൊരുക്കുന്ന രീതിയിലാണ് ഈ സമരങ്ങള്‍. ഇതിന് നേതൃത്വം നല്കുന്നവര് നാടിന്റെ ശത്രുക്കളാണ്.
ഇല്ലാത്ത സംഭവങ്ങള്‍ ഊതി വീര്‍പ്പിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന വര്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു.


