കൊച്ചി: കെപിസിസിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനായി ആന്റോ ജോസഫിനെയും കൺവീനറായി ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ആര്യാടൻ ഷൗക്കത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.
മലയാള ചലച്ചിത്ര മേഖലയിൽ വിതരണം, നിർമാണം എന്നീ മേഖലകളിൽ പ്രമുഖനാണ് ആന്റോ ജോസഫ്. പ്രൊഡക്ഷൻ അസോസിയേറ്റ് എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായമേഖലയിലേക്ക് കടന്ന ആന്റോ കാലങ്ങൾക്കിപ്പുറം പ്രേക്ഷകർക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമാതാവാണ്. മാലിക്, ടേക്ക് ഓഫ്, ദി പ്രീസ്റ്റ് എന്നിവയാണ് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ നിർമിച്ച പ്രമുഖ ചിത്രങ്ങൾ. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 2018-ന്റെ നിര്‍മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയാണ് ആന്റോ.
മലയാള ചലച്ചിത്ര സംവിധായകനും നിർമാതാവും വിതരണരംഗത്തെ പ്രമുഖനുമാണ് ആലപ്പി അഷറഫ്. മിമിക്രി കലാകാരനെന്ന നിലയിൽ ചലച്ചിത്ര രംഗത്തേക്കെത്തിയ അഷറഫ് പിന്നീട് സംവിധായകൻ, നിർമാതാവ്, ഡബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒരു മാടപ്രാവിന്റെ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.
Content Highlights: Anto Joseph appointed as the chairman and Alleppey Ashraf as the convener of samskara sahithi


