തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിന് സി.പി.ഐ സംസ്ഥാന നിര്‍വാഹസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ചേരും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ്.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയേ ഉണ്ടാകു. നാളെ സിപിഎം, സിപിഐ പട്ടിക ഒരുമിച്ച് എല്‍ഡിഎഫ് നേതൃത്വം പ്രഖ്യാപിക്കാനാണ് സാധ്യത.
തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പന്ന്യന്‍ രവീന്ദ്രന്റെ പേര് ഒന്നാമതായുള്ള പട്ടികയാണ് സമര്‍പ്പിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലാ കൗണ്‍സിലുകള്‍ വയനാട്ടില്‍ ആനി രാജയുടെ പേര് ഒന്നാമതായുള്ള പട്ടികയും. തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍, വി.എസ്.സുനില്‍കുമാര്‍ മത്സരിക്കണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാവേലിക്കര മണ്ഡലം മൂന്ന് ജില്ലകളിലായി കിടക്കുന്നതിനാല്‍ മൂന്ന് ജില്ലാ നേതൃത്വങ്ങളും സ്ഥാനാര്‍ഥി പട്ടിക നല്‍കിയിട്ടുണ്ട്. കോട്ടയം, കൊല്ലം ജില്ലകള്‍ നല്കിയ പട്ടികയില്‍ അരുണ്‍കുമാറിന്റെ പേര് ഇല്ല എങ്കിലും ആലപ്പുഴ ജില്ലാ കൗണ്‍സില്‍ നല്കിയ പട്ടികയില്‍ ഒന്നാമത് അരുണിന്റെ പേരാണ്. ജില്ലാ നേതൃത്വങ്ങള്‍ നല്കിയ പട്ടിക കൂടി ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുക്കുന്നത്.


