കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പില്‍ സെക്രട്ടറി ഇര്‍ഷാദാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ എംഎസ്എഫ് നേതാവും പ്രതിയാണ്. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബുധനാഴ്ച രാത്രി ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന അബ്ദുള്‍ റഹ്മാനെ നെഞ്ചില്‍ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇര്‍ഷാദ് സമ്മതിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് ഹൃദയ ധമനി തകര്‍ന്നാണ് റഹ്മാന്റെ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുത്തേറ്റ റഹ്മാന് സംഭവ സ്ഥലത്തു തന്നെ ചോര വാര്‍ന്ന് മരണപ്പെടുകയായിരുന്നു. ഇര്‍ഷാദിന് പുറമെ എംഎസ്എഫ് മുനിസിപ്പല്‍ പ്രസിഡന്റ് ഹസ്സനും യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളികളാണ്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളാണ് റഹ്മാന്റെ കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്റെ കൊലയില്‍ കലാശിക്കുകയായിരുന്നു. സംഭവ ദിവസം സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൃത്യത്തില്‍ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.


