ന്യൂഡല്‍ഹി: ഔദ്യോഗിക ഇ മെയിലുകളില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും സന്ദേശവും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. വെള്ളിയാഴ്ച രാത്രിയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് കോടതി ഇതു സംബന്ധിച്ച് അടിയന്തര നിര്‍ദേശം നല്‍കിയത്. ഉത്തരവിന് പിന്നാലെ ചിത്രങ്ങള്‍ നീക്കം ചെയ്തു.
സബ് കാ സാത്, സബ് കാ വികാസ് എന്ന സന്ദേശവും മോദിയുടെ ചിത്രവുമാണ് കോടതിയുടെ ഔദ്യോഗിക ഇ-മെയിലുകളില്‍ ഉണ്ടായിരുന്നത്. നേരത്തെ, വിഷയത്തില്‍ ചില മുതിര്‍ന്ന അഭിഭാഷകര്‍ കോടതിക്ക് പരാതി നല്‍കിയിരുന്നു.
‘കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സുപ്രിംകോടതിയുമായും ജുഡീഷ്യറിയുമായും ബന്ധമില്ലാത്ത ചിത്രവും സന്ദേശവും ഔദ്യോഗിക ഇ-മെയിലുകള്‍ക്ക് താഴെയുണ്ടെന്ന് സുപ്രിംകോടതി രജിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ ചിത്രങ്ങള്‍ക്ക് പകരം സുപ്രിംകോടതിയുടെ ചിത്രം വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അതു പ്രകാരം ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ചിത്രവും സന്ദേശവും നീക്കം ചെയ്തു’ – കോടതിയിലെ ഉന്നത ഉദ്യോഗസ്ഥന് ദേശീയ മാധ്യമത്തോട് പറഞ്ഞു.
അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ് സര്‍ക്കാറിന്റെ നടപടിയെന്ന് മുതിര്‍ന്ന അഭിഭാഷകന് ചന്ദര്‍ ഉദയ് സിങ് പ്രതികരിച്ചു. സുപ്രിംകോടതിയും രാജ്യത്തെ മറ്റു കോടതികളും സര്‍ക്കാര്‍ ഓഫീസുകളല്ല. അവ സര്‍ക്കാറിന്റെ പ്രചാരവാഹകരും ആകരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


