പാലക്കാട്: ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലന്ന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസിലെ പ്രതി കെ വിദ്യ. ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് വിദ്യ ഇനി ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ കെ.വിദ്യക്ക് ഇന്നലെ മണ്ണാര്‍ക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന് വിദ്യ കുറ്റസമ്മതം നടത്തിയെന്ന് പോലീസും വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ നീട്ടി വയ്ക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
മൊബൈല്‍ ഫോണിലാണ് വ്യാജ രേഖ നിര്‍മ്മിച്ചത് എന്നാണ് വിദ്യ പോലീസിന് നല്കിയ മൊഴി. ശേഷം, അവ അക്ഷയ സെന്ററിലേക്ക് മെയില്‍ അയക്കുകയായിരുന്നു. പ്രിന്റ് എടുത്ത ശേഷം അതിന്റെ പകര്‍പ്പ് അട്ടപാടി കോളേജില്‍ നല്കി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോള്‍ അട്ടപ്പാടി ചുരത്തില്‍ വച്ച് ആദ്യം എടുത്ത പ്രിന്റ് വിദ്യ കീറി കളയുകയായിരുന്നു.