പെരുമ്പാവൂര്‍: പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന ഘടകം, കൊച്ചിയില്‍ യുവതയ്ക്കായി സംഘടിപ്പിച്ച ‘യുവം’ പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി പെരുമ്പാവൂരിന്റെ അഭിമാനമായ പത്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷുമെത്തി.
നീണ്ടു നരച്ച താടിയില്‍ സന്യസ്തനെപ്പോലെതോന്നിയ്ക്കുന്ന ഒരു കുറിയ മനുഷ്യന്. പത്മശ്രീയുടെ തലപ്പൊക്കമില്ലാതെ, തേച്ചു മിനുക്കലുകളില്ലാത്ത കാവിമുണ്ടും കാവി ജുബ്ബയും വേഷം. നെറ്റിയില്‍ പതിവുള്ള ഭസ്മക്കുറി, സന്തത സഹചാരിയായ തോള്‍സഞ്ചി. ലളിതജീവിതത്തിന്റെ മകുടോദാഹരണമായ ഈ ആഗമാനന്ദസ്വാമി ശിഷ്യന് ലഭിച്ച മറ്റൊരംഗീകരമായി മാറി, വേദിയിലെ പ്രമുഖരോടൊപ്പം ഒന്നാം നിരയിലെ ഇരിപ്പിടം.
കൊച്ചി നഗരത്തെ ആവേശം കൊള്ളിച്ച റോഡ്ഷോ പൂര്‍ത്തിയാക്കി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയില്‍ എത്തിയ നരേന്ദ്രമോദി വേദിയില്‍ എത്തിയപ്പോള്‍ തന്നെ കുഞ്ഞോല്‍ മാഷിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആമുഖഭാഷണത്തിനുശേഷം, മുന്നിലിരിക്കുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യാനായി എഴുന്നേറ്റ പ്രധാനമന്ത്രി കുഞ്ഞോല്‍ മാഷിന്റെ അടുത്തെത്തി പ്രണമിക്കുകയാണ് ആദ്യം ചെയ്തത്. കരംഗ്രഹിച്ച് കുശലാന്വേഷണവും നടത്തി. ലോകം മുഴുവന്‍ വീക്ഷിച്ച ആ രംഗം, കുറുപ്പംപടിയിലെ കൊച്ചുകൂരയിലിരുന്നാണ് കുഞ്ഞോലിന്റെ കുടുംബം കണ്ടത്.

FILE PHOTO
1978-മുതലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തബന്ധമുള്ളയാളാണ് കുഞ്ഞോല്‍. ജനതാപാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്ത് മതപരിവര്‍ത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോല്‍ രംഗത്തെത്തിയിരുന്നു. 1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായത്.
നരേന്ദ്രമോദി ഭരണത്തില്‍, ഗ്രാമീണഭാരതത്തിന്റെ ഹൃദയതാളങ്ങള്‍ തിരിച്ചറിഞ്ഞ മഹദ് വ്യക്തികള്‍ പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുഞ്ഞോല്‍ മാഷിന്റെ
കുടിലിലേയ്ക്കും കേന്ദ്രത്തില്‍ നിന്നും വിളിയെത്തുകയായിരുന്നു. ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി ,ഹൈന്ദവ സമൂഹത്തിന്റെ, പ്രത്യേകിച്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ വിശ്രമമില്ലാത്ത യാത്രകളിലാണ് പ്രായം തളര്‍ത്താത്ത മനസ്സും ശരീരവുമായി എണ്‍പത്തിയാറാം വയസ്സിലും ആചാര്യ എം.കെ. കുഞ്ഞോല്‍.
•കൂവപ്പടി ജി. ഹരികുമാർ


