ശമ്പളം, സാമൂഹ്യ സുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ സമൂല പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാലു തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ കൊണ്ടു വരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പ്രവര്‍ത്തി ദിവസങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം.
പുതിയ കോഡുകള്‍ നിലവില്‍ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, ജോലി സമയം, പ്രവര്‍ത്തി ദിവസം തുടങ്ങിയവയില്‍ വലിയ മാറ്റം വരും. കരടു നിയമങ്ങള്‍ക്ക് കേന്ദ്രം അന്തിമരൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍ കണ്‍കറന്റ് പട്ടികയില്‍പ്പെട്ട വിഷയമായതു കൊണ്ട് സംസ്ഥാനങ്ങളാണ് ഇതിന് ചട്ടക്കൂടുണ്ടാക്കേണ്ടത്.
നാലു ദിവസങ്ങളില്‍ തൊഴിലാളികള്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും. ആഴ്ചയില്‍ 48 മണിക്കൂറാകും തൊഴില്‍. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കേണ്ടതായി വരും. ഇതോടെ ഗ്രാറ്റുവിറ്റി പേയ്മെന്റുകളും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയും ഉയരും.
ജീവനക്കാരുടെ കൈകളില്‍ ലഭിക്കുന്ന ശമ്പളം കുറയും. ചട്ടത്തിന്റെ കരട് നിയമങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് കഴിഞ്ഞയാഴ്ച രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ ഒരു സമകാലിക വിഷയമാണ് എന്നതിനാല്‍ ഈ നിയമങ്ങള്‍ സംസ്ഥാനങ്ങളും ഒറ്റയടിക്ക് നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.


