പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ വൈദ്യപരിശോധനാ ഫലം പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം.
എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിഎംഒ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചത്. ഗുരുതരമായ അസുഖമുള്ളയാള്‍. Multiple myeloma ( cancer), Fracture on vertibrae. എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഇബ്രാഹിം കുഞ്ഞിനെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മനസിലാക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ചാണ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയത്. ഇവര്‍ ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 25ഓളം ക്രമക്കേടുകള്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയിരുന്നതായി കണ്ടെത്തിയതായി വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ വിജിലന്‍സ് പ്രതി ചേര്‍ത്തിരുന്നു.


