ന്യൂഡൽഹി : സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തീർച്ചയായും കോൺഗ്രസ് വിജയിക്കുമെന്നും, തെലങ്കാനയിൽ വിജയ സാധ്യതയുണ്ടെന്നും രാജസ്ഥാനിൽ മികച്ച വിജയം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തും കോൺഗ്രസ് വിജയിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനം നടക്കും. പ്രതിപക്ഷം ഐക്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അദ്ഭുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
“ബി.ജെ.പി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യവുമായി ഞങ്ങൾ പൊരുത്തപ്പെട്ടുവരികയാണ്. പ്രതിപക്ഷത്തിന് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് കരുതരുത്, ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു, ഞങ്ങൾ ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനമാണ്. ബിജെപി 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്ഭുതപ്പെടും.”- അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിശദീകരണം നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഭരണ വിരുദ്ധതയുടെ കാര്യം രാജസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ, സർക്കാരിനെ ഇഷ്ടമാണെന്ന് അവർ നിങ്ങളോട് പറയും.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിൽ ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തെ ചൊല്ലിയുള്ള തർക്കത്തോടും രാഹുൽ ഗാന്ധി പ്രതികരിച്ചു. ജാതി സെൻസസ് എന്ന ആവശ്യത്തിലേക്ക് ജനങ്ങളുടെ മനസ്സ് വഴിതിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു .
“ഓരോ തവണയും ഓരോ പ്രധാന പ്രശ്നം ഉയർത്തുമ്പോൾ, ശ്രദ്ധ തിരിക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ
സർക്കാർ ഉപയോഗിക്കുന്നു, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോൾ ഞങ്ങൾ പഠിച്ചു.”- രാഹുൽ പറഞ്ഞു.
നമ്മുടെ വിവരണങ്ങൾ പറയാൻ അനുവദിക്കാതെ ശ്രദ്ധ തിരിക്കുന്നതിലൂടെയാണ് ബിജെപി തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്ന സുപ്രധാന പാഠമാണ് കർണാടകയിൽ കോൺഗ്രസ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“കർണ്ണാടകയിൽ കോൺഗ്രസ് സംസ്ഥാനത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകിയെന്നും ‘ഇതാണ് കോൺഗ്രസ് നിങ്ങൾക്കായി സജ്ജമാക്കാൻ പോകുന്ന സാമൂഹിക സുരക്ഷാ പദ്ധതി’ എന്ന് ജനങ്ങളോട് പറയുകയും തുടർന്ന് വിശദീകരിക്കുകയും ചെയ്തെന്ന് രാഹുൽ വ്യക്തമാക്കി.


